തിരുവനന്തപുരം: വി എസ് എസ് സി യുടെ പരീക്ഷയിൽ കോപ്പിയടി നടന്നതിനെ തുടർന്ന് ഞായറാഴ്ച നടന്ന പരീക്ഷകൾ റദ്ദാക്കി. ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ ആണ് റദ്ദാക്കിയത്. തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ചായിരുന്നു പരീക്ഷ നടത്തിയത്. പുതിയ പരീക്ഷാ തീയതി വെബ്സൈറ്റിലൂടെ അറിയിക്കുമെന്നും വി എസ് എസ് സി അറിയിച്ചു.
കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. സൈബർ സെൽ ഡിവൈഎസ്പി കരുണാകരനാണ് അന്വേഷണ സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാർ സംഘത്തിലുണ്ട്. കോപ്പിയടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൈബർ സെൽ വിശദമായി അന്വേഷിക്കും. മൂന്ന് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
രാജ്യവ്യാപകമായി വിഎസ്എസ്സി നടത്തിയ ടെക്നിഷ്യൻ ( ഇലക്ട്രീഷ്യൻ ഗ്രേഡ് ബി ) പരീക്ഷയിലായിരുന്നു ക്രമക്കേട് നടന്നത്. തട്ടിപ്പ് നടത്തിയ ഹരിയാന സ്വദേശികളായ സുനിൽ (26), സുമിത്ത് (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരീക്ഷയ്ക്ക് എത്തുന്ന ഹരിയാന സ്വദേശികൾ തട്ടിപ്പ് നടത്തുമെന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ഹരിയാനയിൽ നിന്നുള്ള കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് പൊലീസ് തീരുമാനം.