വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറി യാത്രക്കാരന് ബീഡിവലിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ സഹയാത്രികർ പരക്കം പാഞ്ഞു. തിരുപ്പതി-സെക്കന്തരാബാദ് വന്ദേഭാരത് എക്സ്പ്രസിലാണ് പുക പടർന്നത്. ബീഡി വലിച്ചയാളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഇയാള്‍ ശുചിമുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. ട്രെയിനിൽ പുക ഉയര്‍ന്നതോടെ അലാറം മുഴങ്ങി. ആന്ധ്രാപ്രദേശിലെ ഗുഡൂര്‍ കടന്നതിന് ശേഷം ട്രെയിന്‍ നമ്പര്‍ 20702-ല്‍ സി-13 കോച്ചിലാണ് സംഭവം.
അപായ അലാറം മുഴങ്ങിയതോടെ ട്രെയിനിലെ അഗ്നിനിയന്ത്രണം സംവിധാനം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് പൊടി പോലുള്ള പുക പുറന്തള്ളി. ഇതാണ് ട്രെയിനില്‍ പുക നിറയാൻ കാരണമായത്. പിന്നീട്, കോച്ചിനുള്ളിലെ എമര്‍ജന്‍സി ഫോണിലൂടെ ട്രെയിനിന്റെ ഗാര്‍ഡിനെ വിവരം അറിയിക്കുകയും മനുബോലുവില്‍ ട്രെയിന്‍ നിർത്തിയിടുകയും ചെയ്തു. പുക വലിക്കാന്‍ കയറിയ ആളെ ശുചിമുറിയുടെ ജനല്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്.