ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബിജെപി നേതാവ് എല്‍ കെ അദ്വാനിയെ (97) ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാസം 97-ാം ജന്മദിനം ആഘോഷിച്ച അദ്വാനി, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരന്തരം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇന്നലെ രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജൂലൈയ്ക്ക് ശേഷം ഇത് നാലാമത്തെ തവണയാണ് അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നേരത്തേ അപ്പോളോ ആശുപത്രിയിലും ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും (എയിംസ്) ചികിത്സയിലായിരുന്നു.
അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരില്‍ 1999 നും 2004 നും ഇടയില്‍ ആഭ്യന്തര മന്ത്രിയായും പിന്നീട് ഉപപ്രധാനമന്ത്രിയായും അദ്വാനി പ്രധാന ചുതലകള്‍ വഹിച്ചു. ബിജെപിയുടെ പ്രധാന ശില്പിയാണ്. വിഷലിപ്തമായ വര്‍ഗീയ പ്രചാരണങ്ങളുമായി അദ്ദേഹം നടത്തിയ രഥയാത്ര ബാബരി മസ്ജിദ് തകര്‍ത്തതിന് പ്രധാന കാരണമായിരുന്നു. ബാബരി തകര്‍ത്ത കേസില്‍ പ്രതിയുമായിരുന്നു. 1927 നവംബര്‍ 8-ന് പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ജനനം. ഈ വര്‍ഷം മാര്‍ച്ചില്‍, രാഷ്ട്രപതി ദ്രൗപതി മുര്‍മു അദ്വാനിക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്കി ആദരിച്ചിരുന്നു.