കോഴിക്കോട്: ബെംഗളുരുവിലേക്കുള്ള കന്നിയാത്രയിൽ തന്നെ നവകേരള ബസിന് തകരാർ. രാവിലെ നാലരയ്ക്ക് ആരംഭിച്ച യാത്രയിൽ ബസിന്റെ വാതിൽ കേടാവുകയും, യാത്രക്കാരിൽ ഒരാളുടെ ബാഗ് കെട്ടിവച്ച് യാത്ര പുനഃരാരംഭിക്കുകയും ചെയ്തു. ഡോർ താനേ തുറന്നു പോകുന്നതായിരുന്നു പ്രശ്നം. കോഴിക്കോട് നിന്നും ബെംഗളൂരിവിലേക്കുള്ള ഗരുഡ പ്രീമിയം സർവീസിലാണ് തുടക്കത്തിലേ കല്ലുകടി. ഡോർ തകരാറിലായതും കാരന്തൂരിൽ ബസ് നിർത്തി. തുടർന്ന് ബത്തേരി ഡിപ്പോയിൽ തകരാർ പരിഹരിച്ചു. എർമെർജൻസി എക്സിറ്റ് സ്വിച്ച് ഓൺ ആയതായിരുന്നു പ്രശ്നം.
മെയ് 5 ന് കോഴിക്കോട് – ബെംഗളൂരു റൂട്ടിൽ നവകേരള ബസ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങിയതും, ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കകം ടിക്കറ്റുകൾ വിറ്റുതീർന്നു. ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ബസ് കൊണ്ടുവന്നത്. എന്നാൽ, സർവീസ് തുടങ്ങും മുൻപേ ചില്ലറ പരിക്കുകൾ ആരംഭിച്ചിരുന്നു.
മാവൂർ റോഡിലെ കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലെ ട്രാക്കിൽ കയറാൻ ശ്രമിക്കുന്നതിനിടെ ബസിനു നേരിയ പോറൽ ഏൽക്കുകയായിരുന്നു. നടക്കാവിലെ റീജിയണൽ വർക്ക്ഷോപ്പിൽ ഒരു കോട്ട് പെയിൻ്റ് ഉപയോഗിച്ച് പോറൽ നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം, ടിക്കറ്റിന് സെസ് ഉൾപ്പെടെ 1171 രൂപയാണ് നിരക്ക്. കൂടാതെ എയർകണ്ടീഷൻ ചെയ്ത ബസുകൾക്ക് അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം. നവകേരള യാത്രയിൽ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന സീറ്റ് ബുക്ക് ചെയ്യാൻ മിക്ക യാത്രക്കാരും ആഗ്രഹിച്ചിരുന്നു എന്നതാണ് രസകരം. ഈ സീറ്റിൻ്റെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കാൻ നിരവധി പേർ ഡിപ്പോകളിൽ നേരിട്ടെത്തി. തിരുവനന്തപുരം-കോഴിക്കോട് സർവീസിന് പോലും സീറ്റുകൾ പൂർണമായും ബുക്ക് ചെയ്തു.
ഗരുഡ പ്രീമിയം വിഭാഗത്തിലുള്ള വാഹനമായാണ് ബസ് അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നത്. പ്രതിദിന സർവീസ് പുലർച്ചെ 4 മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.35 ന് ബെംഗളൂരുവിലെത്തും. ഇതേ ബസ് ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.05ന് കോഴിക്കോട്ടെത്തും.